കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരേ മുമ്പ് നിയമസഭയില്‍ വി.എസ്. അച്യുതാനന്ദന് നടത്തിയ പരാമര്‍ശം സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. അന്ന് പാര്‍ട്ടി എഴുതിക്കൊടുത്തത് പ്രതിപക്ഷ നേതാവായ വിഎസ് നിയമസഭയില്‍ വായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പറയാന്‍ അറപ്പ് തോന്നുന്ന നിര്‍ഭാഗ്യകരമായ ഈ സംഭവത്തിനു സഭയില്‍ അന്ന് താനും സാക്ഷിയായിരുന്നു. ഈ വിഷയത്തിലെങ്കിലും തെറ്റുപറ്റിയെന്ന് പറയാനുള്ള മര്യാദ സിപിഎം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ സ്ത്രീ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കി നീചമായ രീതിയില്‍ വ്യക്തിഹത്യ നടത്തിയ സിപിഎമ്മുകാരാണ് ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത്. ഉമ്മന്‍ ചാണ്ടി മഹാനാണെന്ന് പറഞ്ഞ് മത്സരിച്ച് പലരും പ്രസ്താവന കൊടുക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റുപറ്റിയെന്ന വാചകംകൂടി പ്രതീക്ഷിച്ചു. പണ്ട് പറഞ്ഞതിലെല്ലാം ഞങ്ങള്‍ തെറ്റുപറ്റിയതാണെന്ന് ഏറ്റുപറയാനുള്ള മാന്യത സിപിഎം കാണിക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരേ വിഎസ് നടത്തിയ പരാമര്‍ശം സിപിഎമ്മിന്റെ നിർദേശപ്രകാരം: ഷിബു ബേബി ജോണ്‍
09:09 PM Jul 21, 2023 | Deepika.com