തൃശൂര്‍: അരിക്കൊമ്പനെ സോഷ്യല്‍മീഡിയ വ്യാജമായി കൊന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് അരിക്കൊമ്പന് ചെരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
സ്വകാര്യ ചാനലിന്റെ വ്യാജ സ്ക്രീന്‍ ഷോട്ടിലാണ് അരിക്കൊമ്പന് ചെരിഞ്ഞതായ വാര്‍ത്ത പ്രചരിച്ചത്. കണ്ണീരിലാഴ്ത്തി അരിക്കൊമ്പന് യാത്രയായി എന്ന അടിക്കുറിപ്പോടെയായിരുന്നു വ്യാജ വാർത്ത.
നിമിഷനേരം കൊണ്ട് അരിക്കൊമ്പന് പ്രണാമമര്പ്പിച്ചുകൊണ്ടും തമിഴ്നാട്-കേരള സര്‍ക്കാരുകളെ വിമര്‍ശിച്ചും അരിക്കൊമ്പന്റെ മരണത്തിന് ആരാണുത്തരവാദിയെന്നു ചോദിച്ചുമെല്ലാം പോസ്റ്റുകള്‍ വന്നു. നിരവധി പേര് രാത്രി വൈകിയും പത്രമാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ച് ഈ വാര്‍ത്ത ശരിയാണോ എന്നന്വേഷിച്ചിരുന്നു.
എന്നാല്‍ ഈ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്ഥിരീകരിച്ചതോടെ കമന്റുകളിട്ടവര് അവ ഡിലീറ്റ് ചെയ്തു. തങ്ങളുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പ്രചരണം നടത്തിയതെന്ന് ചാനലുകാരും വ്യക്തമാക്കി.
അരിക്കൊമ്പനെ സോഷ്യല്‍മീഡിയ "കൊന്നു'
08:33 PM Jul 20, 2023 | Deepika.com