അന്ത്യോപചാരം അർപ്പിക്കാൻ ഗവർണർ പുതുപ്പള്ളിയിലേക്ക്

10:49 AM Jul 20, 2023 | Deepika.com
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി ഗവർണർ അന്തിമോപചാരം അർപ്പിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗവർണർ പുതുപ്പള്ളിയിലെത്തുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ. സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു.

തനിക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നതായി കുടുംബവും കോൺഗ്രസ് നേതാക്കളും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.