കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ 700 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പിടികൂടിയത് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിമരുന്ന്.
ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്. ആദിനാട് വിഷ്ണു ഭവനത്തിൽ വിഷ്ണുവാണ് ( 34 ) അറസ്റ്റിലായത്.
വ്യാപകമായി ലഹരിമരുന്ന് കച്ചവടം നടക്കുന്നുവെന്ന വിവരത്തെ തുടർന്നു കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു വിഷ്ണു. ഒട്ടേറെ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ എംഡിഎംഎ കൊണ്ടുവന്നത്.
വീട്ടിൽ എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പോലീസ് കിഴ്പ്പെടുത്തിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്.
ഇയാളുടെ കൂട്ടു കച്ചവടക്കാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ രാത്രി വളരെ വൈകിയും ലഹരി മരുന്നു വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും റെയ്ഡും തുടർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ലഹരി മരുന്ന് വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട് പരിശോധനകൾ തുടരുമെന്ന് പോലീസ് പറഞ്ഞു. സ്കൂൾ കോളേജ് മറ്റു ഇടങ്ങളിലെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
50 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
05:39 AM Jul 20, 2023 | Deepika.com