ജിയോ ഫിനാൻഷ്യൽ സർവീസസ് വിഭജനം: റിലയൻസ് ഓഹരികളിൽ ഉണർവ്

04:58 PM Jul 19, 2023 | Deepika.com
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും ജിയോ ഫിനാൻഷ്യൽ സർവീസസിനെ വിഭജിക്കുന്നതിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ റിലയൻസ് ഓഹരി മൂല്യത്തിൽ നേരിയ വർധനവ്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരിയൊന്നിന് 2,832 രൂപയായിരുന്നു വില. വൈകാതെ ഇത് 0.64 ശതമാനം വർധിച്ച് 2,842 രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഓഹരിയൊന്നിന് 2,856 രൂപ എന്ന റിക്കാർഡ് നിലയിൽ എത്തിയ ശേഷം റിലയൻസ് ഓഹരികളിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ 52 ആഴ്ചകളിലെ മൂല്യം കണക്കാക്കിയാൽ റിലയൻസ് ഓഹരികൾ ഇപ്പോൾ മികച്ച നിലയിൽ തന്നെയാണ് തുടരുന്നത്.

വ്യാഴാഴ്ച ജിയോ ഫിനാൻഷ്യൽ സർവീസസ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും വിഭജിക്കപ്പെടും. നാഷണൽ കന്പനി ലോ ട്രിബ്യൂണലിൽ നിന്നും വിഭജനത്തിനായി അനുമതി ലഭിച്ചുവെന്ന് ഈ മാസം എട്ടിന് റിലയൻസ് ഇൻഡസ്ട്രീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. വിഭജനം സംബന്ധിച്ച റെക്കോർഡ് തീയതി ഈ മാസം 20ന് ആയിരിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു.

കന്പനിയുടെ ഫിനാൻഷ്യൽ സർവീസസിനെ റിലയൻസിൽ നിന്നും വിഭജിക്കുമെന്നും ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നും ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യം പ്രഖ്യാപിച്ചത്. വിഭജനം സംബന്ധിച്ച് അനുമതി നൽകുന്നുവെന്ന് നാഷണൽ കന്പനി ലോ ട്രിബ്യൂണലിന്‍റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഇക്കഴിഞ്ഞ ജൂണ്‍ 28ന് ഉത്തരവിറക്കിയിരുന്നു.

ഈ മാസം അഞ്ചിന് ഉത്തരവിന്‍റെ വിശദാംശങ്ങൾ എൻസിഎൽടി വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. വിഭജനം സംബന്ധിച്ച് നിക്ഷേപകരിൽ നിന്നുൾപ്പടെ അനുമതി ലഭിച്ചുവെന്ന് മെയ് അവസാന വാരം കന്പനി അധികൃതർ വ്യക്തമാക്കി.

വിഭജനത്തോടെ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്‍റെ ഓരോ ഓഹരി വീതമാകും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരിയുടമകൾക്ക് ലഭ്യമാകുക (1:1 അനുപാതം). എന്നാൽ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ലിസ്റ്റ് ചെയ്യുന്നതിന് മൂന്നു മുതൽ നാലു മാസം വരെ സമയമെടുക്കും.

വിഭജനം നടക്കുന്നതിന് പിന്നാലെ റിലയൻസിന്‍റെ ഓഹരികൾക്ക് ഡിമാൻഡ് വർധിക്കുമെന്ന് മേത്ത സെക്യൂരിറ്റീസ് സീനിയർ വൈസ് പ്രസിഡന്‍റായ പ്രശാന്ത് തപ്സി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളിലുണ്ട്.

നടപ്പ് സാന്പത്തികവർഷത്തിന്‍റെ ആദ്യപാദ ഫലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വരിക. ജിയോ ഫിനാൻഷ്യൽസിന്‍റെ പാദഫലങ്ങൾക്കൊപ്പം കന്പനിയുടെ കൂടുതൽ പ്രഖ്യാപനങ്ങളും വന്നേക്കുമെന്നും സൂചനകളുണ്ട്. ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾക്ക് മൂല്യം ലഭിക്കാൻ അർഹരാകണമെങ്കിൽ ഈ മാസം 20ന് മുൻപ് റിലയൻസ് ഓഹരികൾ വാങ്ങിയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ചകൂടി മാത്രമേ ഇത്തരത്തിൽ റിലയൻസ് ഓഹരികൾ സ്വന്തമാകാൻ സാധിക്കൂ. വരും ദിവസങ്ങളിൽ റിലയൻസിന്‍റെ ഓഹരി മൂല്യം 2,900 രൂപയായി ഉയരാനുള്ള സാധ്യതയുണ്ട്.