കൊളംബോ: 2023ലെ ഏഷ്യാ കപ്പ് മത്സരക്രമം ബുധനാഴ്ച ഔദ്യോഗികമായി പുറത്തുവിടാനിരിക്കെ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തുവന്നു. സെപ്റ്റംബര്‍ രണ്ടിനും 10നുമാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുകയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ട് മത്സരങ്ങളും ശ്രീലങ്കയിലെ ദാംബുള്ളയിലോ കാന്‍ഡിയിലോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനലിലെത്തിയാല്‍ ഇരു ടീമുകളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കും.
ഇത്തവണ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായിട്ട് ഹൈബ്രിഡ് മോഡലിലാണ് ഏഷ്യ കപ്പ് നടക്കുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍. ഓഗസ്റ്റ് 30നാണ് ടൂര്‍ണമെന്റ് തുടങ്ങുക. സെപ്റ്റംബര്‍ 17വരെയായിരിക്കും ടൂര്‍ണമെന്റ് എന്നാണ് നിലവിലെ ധാരണ. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്-നേപ്പാളിനെ നേരിടും.
ഇന്ത്യയുള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ പാക്കിസ്ഥാനും നേപ്പാളുമുണ്ട്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.
ആകെ 13 മത്സരങ്ങളായിരിക്കും ടൂര്‍ണമെന്റിലുണ്ടാവുക. ഇതില്‍ നാല് മത്സരമാണ് പാക്കിസ്ഥാനില്‍ നടക്കുക. പകല്‍ രാത്രിയായി നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നായിരിക്കും ആരംഭിക്കുക.
ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരക്രമവും വേദിയും പുറത്ത്
12:59 PM Jul 19, 2023 | Deepika.com