ഉമ്മൻ ചാണ്ടിയുടെ ജീവിതരേഖ

02:12 PM Jul 18, 2023 | Deepika.com
1943 ഒക്ടോബർ 31:പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി ജനനം. മൂത്തയാൾ അച്ചാമ്മ. ഇളയ സഹോദരൻ അലക്സ് വി. ചാണ്ടി.

പുതുപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂളിലും അങ്ങാടി എംഡി എൽപി സ്കൂളിലും പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം.

കോട്ടയം സിഎംഎസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സ്. എറണാകുളം ലോ കോളജിൽനിന്നു ബിഎൽ.

പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്പോൾ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം.

1967: കെഎസ് യു സംസ്ഥാന പ്രസിഡന്‍റ്. എ.കെ. ആന്‍റണി പദവിയൊഴിഞ്ഞതിനു പിന്നാലെയാണ് ഈ പദവിയിലെത്തുന്നത്.

1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്.

1970: പുതുപ്പള്ളിയിൽനിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടിനു പരാജയപ്പെടുത്തി അരങ്ങേറ്റം. നിയമസഭാംഗമാകുന്പോൾ പ്രായം 27.

1977 മാർച്ച് 25: കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രി. രാജൻ കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്നു കരുണാകരൻ രാജിവച്ച് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസഭയിൽ തുടർന്നു. എ.കെ. ആന്‍റണി രാജിവയ്ക്കുന്ന 1978 ഒക്ടോബർ 27 വരെ മന്ത്രിപദവിയിൽ തുടർന്നു.

1981 ഡിസംബർ 28: കെ. കരുണാകരന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി. ലോനപ്പൻ നന്പാടൻ കാലുമാറിയതിനെ തുടർന്ന് 80 ദിവസത്തിനു ശേഷം മന്ത്രിസഭ രാജിവച്ചു.

1982-85: യുഡിഎഫ് കണ്‍വീനർ.

2001-2004: യുഡിഎഫ് കണ്‍വീനർ.

2004 ഓഗസ്റ്റ് 31: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതിനെ തുടർന്ന് 2006 മേയ് 18നു രാജിവച്ചു.

2006-11: പ്രതിപക്ഷ നേതാവ്.

2011 മേയ് 18: കേരള മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതിനെ തുടർന്ന് 2016 മേയ് 20നു രാജിവച്ചു.

2016 ൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം സ്വീകരിച്ചില്ല. 2021 ലും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നയാൾ എന്ന റിക്കാർഡും ഉമ്മൻ ചാണ്ടിക്കു സ്വന്തം. അതും പുതുപ്പള്ളി എന്ന ഒരേ നിയമസഭാമണ്ഡലത്തിൽ നിന്ന്.