ഭരണരംഗത്തെ വേറിട്ട ചുവടുകൾ... പോലീസ് യൂണിഫോം മാറ്റിയതു മുതൽ ജനസന്പർക്കംവരെ

02:12 PM Jul 18, 2023 | Deepika.com
തിരുവനന്തപുരം: കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും അതേപോലെ പകരം വയ്ക്കാനാവാത്തതും അനുകരിക്കാനാവാത്തതുമായിരുന്നു.

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും ആക്ഷേപങ്ങളുടെ കല്ലേറും അദ്ദേഹം തികഞ്ഞ നിർമമതയോടെ സ്വീകരിച്ചു. തന്നെ ആക്രമിച്ചവരോടും അദ്ദേഹം പറഞ്ഞത് ആരോടും പകയില്ല എന്നാണ്. ഭരണരംഗത്തും വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 2004 ഓഗസ്റ്റ് 31നാണ് അദ്ദേഹം കേരളത്തിന്‍റെ 19-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലമുണ്ടായി. കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിൽ നിന്ന് ആരംഭിച്ചതും പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്‍റെ പണി തുടങ്ങിയതും അദ്ദേഹത്തിന്‍റെ ഇടപെടൽ മൂലമാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്തിയതും കൂടാതെ കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം എന്നിവ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളാണ്.

ഒന്നാം കരുണാകരൻ മന്ത്രിസഭയിലും ഒന്നാം ആന്‍റണി മന്ത്രിസഭയിലും തൊഴിൽ മന്ത്രിയായിരുന്ന കാലത്താണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത്. ഇത് രാജ്യത്ത് ആദ്യമായി നടപ്പാക്കുകയായിരുന്നു.

കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് പോലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തിയത്. കൂന്പൻ തൊപ്പിയും മുറിനിക്കറുമായി നടന്ന പോലീസ് കോൺസ്റ്റബിൾമാർക്ക് ഫുൾ പാന്‍റ്സും മികച്ച തൊപ്പിയുമാക്കി.

2006 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 35-ാമത് ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഇതിൽ സംബന്ധിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ചടുലമായ ഒരു നീക്കമായിരുന്നു ജനസന്പർക്ക പരിപാടി. ഒരേപോലെ അഭിനന്ദനവും വിമർശനവും അദ്ദേഹം ഏറ്റുവാങ്ങി. വിമർശനങ്ങൾക്കു നടുവിലും അദ്ദേഹം ജനസന്പർക്കവുമായി മുന്നോട്ടുപോയി.

ജനങ്ങളെ യാതോരു വേർതിരിവുമില്ലാതെ അദ്ദേഹം അങ്ങോട്ടു പോയി കണ്ടു. ജില്ലകൾ തോറും സഞ്ചരിച്ച് അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോഴും അദ്ദേഹം പിന്നോട്ട് പോയില്ല.

2004-2006ലും 2011-2016ലും അദ്ദേഹം ജനസന്പർക്കവുമായി മുന്നോട്ടു പോയി. ജനസന്പർക്കപരിപാടി ഒടുവിൽ യുഎൻ അംഗീകാരം വരെ നേടിയെടുത്തു.