ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച; തിരുവനന്തപുരത്തും കോട്ടയത്തും പൊതുദർശനം

11:23 AM Jul 18, 2023 | Deepika.com
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ബംഗളൂരുവിൽനിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം ഉമ്മൻ ചാണ്ടി പതിവായി പ്രാർഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പൊതു ദർശനത്തിനു വയ്ക്കും. തുടർന്നു കെപിസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടു പോകും.

ബുധനാഴ്ച രാവിലെ ഏഴിന് വിലാപയാത്രയായാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകുക. കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിനു വച്ചശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

ബംഗളൂരുവിൽ ഇന്ന് പുലർച്ചെ 4.30നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.