ന്യൂഡൽഹി: ഡൽഹിയുടെ അധികാരം കവർന്നെടുക്കാനുദ്ദേശിച്ച് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിനെ പാർലമെന്റിൽ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ്. രാജ്യത്ത് "ഫെഡറലിസം അട്ടിമറിക്കാനുള്ള' കേന്ദ്രസർക്കാരിന്റെ ഏത് ശ്രമത്തെയും എതിർക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഡൽഹി ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ നിലപാട് വ്യക്തമാണ്. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളെ എതിർക്കും. ഡൽഹി ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ഫെഡറലിസത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ കോൺഗ്രസ് നിരന്തരം എതിർത്ത് വരികയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കങ്ങളെയും തങ്ങൾ നിരന്തരം എതിർക്കുകയാണ്. പാർട്ടി നിലപാട് വളരെ വ്യക്തമാണ്, ഡൽഹി ഓർഡിനൻസിനെ പിന്തുണയ്ക്കാൻ പോകുന്നില്ല- വേണുഗോപാൽ പിടിഐയോട് പറഞ്ഞു.
ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ തിങ്കളാഴ്ച ബംഗളൂരുവിൽ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ തേടി ഭരണകക്ഷിയായ ആംആദ്മി പാർട്ടി നാളുകളായി സമ്മർദം ചെലുത്തിവരികയായിരുന്നു. അടുത്തിടെ പാറ്റ്ന യിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
വിഷയത്തിൽ പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷസഖ്യം ഉപേക്ഷിക്കുമെന്നും എഎപി മുന്നറിയിപ്പ് നൽകിയിരുന്നു.
ഡൽഹി ഓർഡിനൻസ്: ആപ്പിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
04:41 PM Jul 16, 2023 | Deepika.com