കോഴിക്കോട്: മലയാളിയുടെ പുണ്യമായ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു നവതി. മൂന്നു തലമുറകളെ വായനയുടെ വിഹായസിലേക്കു കൊണ്ടുപോയ എംടി ഇന്നും എഴുത്തിന്റെ ലോകത്ത് മഹാവൃക്ഷമായി നിറഞ്ഞുനില്ക്കുന്നു. എഴുപതു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാഹിത്യ സപര്യയാണ് ഈ മഹാ കഥാകാരന്റെത്.
മനുഷ്യജീവിതത്തിന്റെ സ്ഥായീഭാവങ്ങള് കോറിയിട്ട എഴുത്തുകാരനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എംടി. പുന്നയൂര്‍കുളത്തുകാരനായ ടി. നാരായണന് നായരുടെയും കുടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933 ജൂലായ് 15നാണ് എംടി. ജനിച്ചത്. തൃശൂരിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിരുന്നു ചെറുപ്പകാലം. ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡില്‍ ‘സിതാര’യിലാണു താമസം.
പത്രാധിപര്‍, നോവലിസ്റ്റ്, സിനിമ തിരക്കഥാകൃത്ത് തുടങ്ങി കലാ - സാംസ്കാരിക ലോകത്ത് തിളക്കമാര്‍ന്ന സംഭാവനകളാണ് എം.ടി മലയാളത്തിനു പകര്ന്നുനല്കിയത്.1995-ലെ ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയത്തി.
2005-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും എംടിയുടെ കൃതികള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
മലയാളിയുടെ പുണ്യത്തിന് ഇന്നു നവതി
10:45 AM Jul 15, 2023 | Deepika.com