കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേത്തുടർന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞർ പ്രശംസയർഹിക്കുന്നതായി മാർ ആലഞ്ചേരി പ്രസ്താവിച്ചു.
ശാസ്ത്രജ്ഞരുടെ സമർപ്പണത്തോടും കഠിനാധ്വാനത്തോടും രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ ഈ ദൗത്യത്തിന്റെ മേധാവി ദൈവത്തിന് നന്ദിയർപ്പിച്ചു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയർപ്പിക്കാം.
ആഹ്ലാദത്തിന്റെ ഈ നിമിഷങ്ങളിൽ സൃഷ്ടിപരമായും ബൗദ്ധികപരമായും ദൈവം മനുഷ്യനിൽ നിക്ഷേപിച്ചിട്ടുള്ള അതിബൃഹത്തായ കഴിവുകളെക്കുറിച്ച് നാം ബോധ്യമുള്ളവരാകണം. നമ്മുടെ അതിസമർത്ഥരായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്തരം അദ്ഭുതാവഹമായ കഴിവുകൾ മനുഷ്യനു നൽകിയ ദൈവത്തെയും നാം സ്തുതിക്കുന്നു.
ദൗത്യത്തിന്റെ മുന്നോട്ടുള്ള വിജയത്തിനായും അതുവഴി മാനവകുലത്തിന്റെ നന്മയ്ക്കുതകുന്ന ഗവേഷണഫലങ്ങൾ ഉണ്ടാകട്ടെയെന്നും നമുക്കു പ്രാർത്ഥിക്കാമെന്നും മാർ ആലഞ്ചേരി പറഞ്ഞു.
ചന്ദ്രയാൻ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാർ ആലഞ്ചേരി
08:55 AM Jul 15, 2023 | Deepika.com