കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് കെ.കെ.ഏബ്രഹാം.
രണ്ടുകേസുകളാണ് ഏബ്രഹാമിനെതിരെ പുൽപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരുകേസിലാണ് ജാമ്യം. വ്യാജ രേഖകളുണ്ടാക്കി തങ്ങളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചുവെന്ന പുല്‍പ്പള്ളി കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതിമാരുടെ പരാതിയിലാണ് ഒരു കേസ്.
കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നാണ് മറ്റൊരു കേസ്. ഇതിൽ ഡാനിയേലിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം.
ഈ കേസിൽ ജില്ലാക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഏബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാമിന് ജാമ്യം
05:25 PM Jul 13, 2023 | Deepika.com