പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റു

01:37 PM Jul 12, 2023 | Deepika.com
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ പ്രിയാ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റു. രാവിലെ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.

നിലേശ്വരം കാമ്പസില്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. മതിയായ യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയയ്ക്ക് സര്‍വകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.

അതേസമയം പ്രിയയുടെ യോഗ്യത ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ യുജിസി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കിയാണ് കോടതി പ്രിയയ്ക്ക് അനൂകൂലമായ വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് യുജിസിയുടെ വാദം.2018 ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ പക്ഷം.

ഹൈക്കോടതി വിധി കാരണം 2018ലെ യുജിസി അസോസിയേറ്റ് പ്രഫസര്‍ നിയമവും വകുപ്പുതന്നെയും അപ്രസക്തമാകുന്ന സ്ഥിതിയാണുള്ളതെന്നും യുജിസി അപ്പീലില്‍ പറയുന്നു. റെഗുലേഷനെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ പരാതിക്കാരന്‍ ജോസഫ് സ്‌കറിയയും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.