ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം സിദ്ധനായി ആൾമാറാട്ടം നടത്തി കഴിഞ്ഞയാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി രമേശാണ് പിടിയിലായത്.
2021 ഡിസംബറിൽ ഭാര്യ വാണിയെ കൊലപ്പെടുത്തി മൃതദേഹം മേശയുടെ അടിയിൽ ഒളിപ്പിച്ചു വച്ചതിന് ശേഷമാണ് രമേശ് കടന്നുകളഞ്ഞത്. പോലീസിനെ വെട്ടിച്ച ഡൽഹിക്ക് മുങ്ങിയ പ്രതി സിദ്ധൻ ചമഞ്ഞ് ജീവിക്കുകയായിരുന്നു.
സിദ്ധൻ വേഷത്തിൽ ഡൽഹിയിൽ അടക്കം ആശ്രമങ്ങളിൽ തങ്ങിയ പ്രതി, തിരിച്ച് തമിഴ്നാട്ടിലേക്ക് എത്തുകയും തീർഥാടന കേന്ദ്രങ്ങളിൽ സജീവമാകുകയുമായിരുന്നു.
വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്.
കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിൾ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായത്. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്നാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സിദ്ധനായി ആൾമാറാട്ടം; പ്രതി പിടിയിൽ
09:36 AM Jul 09, 2023 | Deepika.com