കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേയാണ് കേസ്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്ന പരമാർശത്തിനെതിരേ കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോൺഗ്രസ് സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുക്കവേ കണ്ണൂരിൽ വച്ചാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് നേതാവിന്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ആരോപിച്ച് സിപിഎം പ്രവർത്തകനായ പി.കെ. ബിജു പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.
"സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്'; എഐസിസി സെക്രട്ടറിക്കെതിരേ കേസെടുത്തു
11:57 AM Jul 06, 2023 | Deepika.com