വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ടെ പോ​സ്റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി ക​ർ​ഷ​ക​ർ; ര​ക്ഷ​കരാ​യി വ്യോ​മ​സേ​ന

09:10 PM Jul 01, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ജു​നാ​ഗ​ധ് ജി​ല്ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ടെ വൈ​ദ്യു​ത പോ​സ്റ്റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന ര​ണ്ട് ക​ർ​ഷ​ക​രെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് വ്യോ​മ​സേ​ന. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പോ​സ്റ്റി​ൽ കു​ടു​ങ്ങി​യ ഇ​വ​രെ ഇ​ന്ന് വൈ​കി​ട്ടാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കെ​ഷോ​ദ് മേ​ഖ​ല​യി​ലെ സ​ത്‌​ര​ജ് ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ടെ​ന്ന ഗ്രാ​മ​മു​ഖ്യ​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വ​യ​ലി​ൽ പൊ​ടു​ന്ന​നേ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ ഇ​വ​ർ​ക്ക് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. ഇ​വ​രെ കാ​ണാ​താ​യെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ത​ങ്ങ​ൾ പോ​സ്റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​താ​യി ഇ​വ​ർ ഫോ​ണി​ലൂ​ടെ ഗ്രാ​മ​വാ​സി​ക​ളെ അ​റി​യി​ച്ചു.

ഈ ​വി​വ​രം അ​റി​ഞ്ഞ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.

ജാം​ന​ഗ​ർ വ്യോ​മ​സേ​നാ​ത്താ​വ​ള​ത്തി​ൽ നി​ന്നെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റിൽ ഇ​രു​വ​രെ​യും എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും സേ​നാ​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.