ബാംഗ്കോക്: വിമാനത്താവളത്തിലെ യന്ത്രപാതയിലൂടെ(ട്രാവലേറ്റർ) സഞ്ചരിക്കവെ കാൽ കുടുങ്ങി അപകടത്തിൽപ്പെട്ട സ്ത്രീയുടെ ഇടതുകാൽ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി.
ബാംഗ്കോകിലെ ഡോൺ മുയേയാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വിമാനമിറങ്ങിയ മധ്യവയസ്ക്കയായ വിനോദസഞ്ചാരി, നിരങ്ങിനീങ്ങുന്ന യന്ത്രപാതയായ ട്രാവലേറ്ററിലൂടെ വിമാനത്താവളത്തിന്റെ പുറത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
സമീപത്ത് വച്ചിരുന്ന സ്യൂട്ട്കേസിൽ തട്ടി യന്ത്രപാതയുടെ നേർത്ത വിടവിൽ യാത്രക്കാരിയുടെ ഇടതുകാൽ കുടുങ്ങിപ്പോവുകയായിരുന്നു. അപകടം കണ്ട മറ്റ് യാത്രികർ ചേർന്ന് എമർജൻസി സ്വിച്ച് ഉപയോഗിച്ച് യന്ത്രപാതയുടെ പ്രവർത്തനം നിർത്തി.
തുടർന്ന് രക്ഷാപ്രവർത്തകർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇവരെ പുറത്തെടുക്കാനായില്ല. ഒടുവിൽ ഇവരുടെ ഇടതുകാൽ മുട്ടിന് തൊട്ടുമുകളിൽ വച്ച് മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ച് കാൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമം വിഫലമായി.
യാത്രികയുടെ ചികിത്സാചെലവ് വഹിക്കുമെന്നും സംഭവത്തിൽ ദുഃഖമുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. 1996-ൽ സ്ഥാപിച്ചതാണ് ട്രാവലേറ്ററെന്നും ഇത് മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിലെ യന്ത്രപാതയിൽ കുടുങ്ങിപ്പോയ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി
07:12 PM Jun 30, 2023 | Deepika.com