കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പെന്ന് ചെന്നിത്തല

02:42 PM Jun 26, 2023 | Deepika.com
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത സെൻസർഷിപ്പെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മാധ്യമങ്ങളോടുള്ള വെല്ലുവിളി ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ പോലും പോലീസ് കേസെടുക്കുകയാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ഏത് സർക്കാരുകൾ ഭരിച്ചിരുന്നപ്പോഴും മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിരക്ഷ നൽകിയിരുന്നു. എന്നാൽ ആ സ്വാതന്ത്ര്യം ഇപ്പോൾ വെട്ടിക്കുറയ്ക്കാനാണ് പിണറായി സർക്കാർ നീക്കം നടത്തുന്നത്. തെറ്റുകൾക്ക് എതിരായ ഓര്‍മപ്പെടുത്തലാണ് വാര്‍ത്തകളെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടറിയേറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭയിലെ കാമറ വിലക്ക് നീക്കുക, പെൻഷൻ വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെയുഡബ്ല്യുജെ മാര്‍ച്ച് സംഘടിപ്പിച്ചത്.

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.