കോടഞ്ചേരി: ചെന്പുകടവ് - നൂറാംതോട് റോഡിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നു. കൂൾബാറുകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവയാണ് റോഡിൽ തള്ളിയിരിക്കുന്നത്.
റബർ തോട്ടങ്ങളോട് ചേർന്ന് ആളൊഴിഞ്ഞ ഭാഗത്താണ് മാലിന്യങ്ങൾ രാത്രികാലങ്ങളിലെത്തി നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയുള്ളവ ശേഖരിച്ച് പഞ്ചായത്ത് നീക്കം ചെയ്തിരുന്നു. ആരോഗ്യവകുപ്പധികൃതർ വ്യാപാര സ്ഥാപനങ്ങളിലെയും പരിസരത്തെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കർശന നിർദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വ്യാപാര സംഘടനകൾ കടയുടമകൾക്ക് അറിയിപ്പ് നല്കുകയും, മാലിന്യങ്ങൾ ശേരിച്ച് പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ നിർദേശങ്ങളൊന്നും പാലിക്കാതെയാണ് റോഡിൽ സാമൂഹിക വിരുദ്ധരുടെ മാലിന്യ നിക്ഷേപം തുടരുന്നത്.
ചെന്പുകടവ് - നൂറാംതോട് റോഡിൽ മാലിന്യം തള്ളുന്നു
12:57 AM Apr 07, 2017 | Deepika.com