കൊച്ചി: 28-ാമത് അന്തർസർവകലാശാല ചാവറ പ്രസംഗമത്സരത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സച്ചിൻ ഷാജി ഒന്നാം സ്ഥാനം നേടി. കോട്ടയം ബസേലിയോസ് കോളജിലെ ജയശ്രീ രണ്ടാം സ്ഥാനവും എറണാകുളം മഹാരാജാസ് കോളജിലെ ഫാഹിൻ ബിൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരം ഫാ. റോബി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ നേതൃത്വവാസന പരിപോഷിപ്പിക്കുക, വിശുദ്ധ ചാവറ പിതാവ് ഉയർത്തിപ്പിടിച്ച മഹനീയ ആദർശങ്ങൾ പുതിയ തലമുറയ്ക്കു കൈമാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിജയികൾക്ക് സെന്റ് ജോസഫ്സ് ആശ്രമദേവാലയം സുപ്പീരിയർ ഫാ. ജോസ് തച്ചിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. 11,111 രൂപയും ട്രോഫിയും, 7,777രൂപയും ട്രോഫിയും, 5,555 രൂപയും ട്രോഫിയും ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ രചിച്ച ’ജീവിത വിജയം’ എന്ന പുസ്തകവും സമ്മാനമായി നൽകി.
തേവര സേക്രഡ് ഹാർട്ട് കോളജിലെ പരീക്ഷാ ഡെപ്യൂട്ടി കണ്ട്രോളർ ഡോ. വി.ജെ. ഡൊമിനിക്, സെന്റ് ആൽബർട്സ് കോളജിലെ അധ്യാപകരായ പ്രഫ. വിനീത്, പ്രഫ. ബി. ബൻലി എന്നിവരായിരുന്നു വിധികർത്താക്കൾ. സമ്മാനദാനചടങ്ങിൽ ജിജോ പാലത്തിങ്കൽ, ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ്സണ് സി. ഏബ്രഹാം, ജോളി പവേലിൽ, ഷാനൽ ലോപ്പസ്, സേവ്യർ നെൽബൻ എന്നിവർ പ്രസംഗിച്ചു.
ചാവറ പ്രസംഗ മത്സരം: പാലാ സെന്റ് തോമസിനു കിരീടം
12:53 AM Feb 26, 2017 | Deepika.com