പാലക്കാട്: വീരമൃത്യു വരിച്ച മലയാളി സൈനികൻ പാലക്കാട് കോട്ടായി കോട്ടച്ചന്തയിൽ കളത്തിൽവീട്ടിൽ ശ്രീജിത്തിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച രാത്രി കോയന്പത്തൂർ വിമാനത്താവളത്തിൽ നിന്നും ജില്ലാ കളക്ടർ പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാത്രി പത്തിനു മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മന്ത്രി വി.എസ്. സുനിൽകുമാറെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഇന്നലെ രാവിലെ എട്ടു മുതൽ പരുത്തിപ്പുള്ളി എഎൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. മന്ത്രി എ.സി. മൊയ്തീൻ സംസ്ഥാന സർക്കാരിനു വേണ്ടി റീത്ത് സമർപ്പിച്ചു. എം.ബി. രാജേഷ് എംപി, എംഎൽഎമാരായ കെ. കൃഷ്ണൻകുട്ടി, കെ.ഡി. പ്രസേനൻ, കെ.ബാബു, വി.ടി. ബൽറാം, ഷാഫി പറന്പിൽ, മുഹമ്മദ് മുഹസിൻ, ജില്ലാ കളക്ടർ പി. മേരിക്കുട്ടി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ ജമ്മു - കാഷ്മീരിലെ ഷോപ്പിയാനിലെ മൗൾ ഗ്രാമത്തിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരരുടെ വെടിയേറ്റാണ് ശ്രീജിത് വീരമൃത്യു വരിച്ചത്. ഇന്നു വൈകുന്നേരം ഏഴിന് പരുത്തിപ്പുള്ളി എഎൽപി സ്കൂളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രി എ.കെ.ബാലൻ പങ്കെടുക്കും.
വീരമൃത്യുവരിച്ച സൈനികനു നാടിന്റെ അന്ത്യാഞ്ജലി
12:46 AM Feb 26, 2017 | Deepika.com