തൃശൂർ: ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ വജ്ര ജൂബിലിയുടെ ഭാഗമായി മാർച്ച് 27, 28 തീയതികളിൽ കൊടകര സഹൃദയ മാനേജ്മെന്റ് സ്റ്റഡീസിൽ മാനേജ്മെന്റ് ഒളിമ്പ്യാഡ് നടത്തുമെന്നു തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭാവി മാനേജർമാരെ അറിവിന്റെ മേഖലയിൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായ ഈ പരിപാടി എൻജിനിയറിംഗ്, എംബിഎ തുടങ്ങി, മറ്റു പ്രഫഷണൽ അടക്കമുള്ള കോളജുകളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് നടത്തുന്നത്. ഒളിമ്പിക്സ് മത്സരങ്ങളുടെ മാതൃകയിൽ ക്വിസ്, പോസ്റ്റർ മേക്കിംഗ്, കെയ്സ് സ്റ്റഡി, ബിസിനസ് സിമുലേഷൻ എന്നീ നാലു വിഭാഗങ്ങളിലായി 18 മത്സരങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ഇനത്തിൽ വിജയിക്കുന്ന ടീമുകൾക്ക് സ്വർണം, വെള്ളി, ഓട് ക്രമത്തിൽ സമ്മാനങ്ങൾ ലഭിക്കും.
ഏറ്റവും കൂടുതൽ സമ്മാനം കരസ്ഥമാക്കുന്ന വിദ്യാലയത്തിന് എയ്മ മാനേജ്മെന്റ് ഒളിമ്പ്യാഡ് വിന്നർ അവാർഡും വ്യക്തികൾക്കുള്ള അവാർഡുകളും നൽകും.
പങ്കെടുക്കുന്ന എല്ലാവർക്കും ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.
ചെയർമാൻ എം.ആർ.ഗോപാലകൃഷ്ണൻ, ടിഎംഎ പ്രസിഡന്റ് പി.ആനന്ദമേനോൻ, സെക്രട്ടറി ടി.ആർ.അനന്തരാമൻ, സിഇഒ പി.എം.ജോസ്, വൈസ് പ്രസിഡന്റ് ക്രിസ്റ്റോ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൊടകര സഹൃദയയിൽ മാനേജ്മെന്റ് ഒളിമ്പ്യാഡ്
12:46 AM Feb 26, 2017 | Deepika.com