തലശേരി: അധോലോക ശക്തികൾ സിനിമാലോകത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വിശ്വാസപൂര്‍വം മന്‍സൂർ’ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം തലശേരിയിൽ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നടിയുടെ നേരേയുണ്ടായ ആക്രമണക്കേസിൽ എല്ലാവരും പിടിയിലായിക്കഴിഞ്ഞു. അവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ അവരെയും പിടിക്കും. സിനിമാലോകത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെ അനാവശ്യമായി ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കുറ്റവാളികളാക്കുകയാണ്. കലാലോകം ആദരിക്കുന്നവർതന്നെ ഇതിനു മറുപടിയുമായി രംഗത്തെത്തേണ്ടിവന്നു. ഈ സംഭവത്തിൽ ഒരു ബന്ധവുമില്ലാത്തവരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്തത്. സങ്കൽപ്പിച്ച് കുറ്റവാളികളെ ഉണ്ടാക്കരുത്.
അവരുടെ പുറകെ പോകാൻ കേരളത്തിലെ പോലീസിന് ആവില്ല. ആ കാലം കഴിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടിച്ചത്. ചോദ്യം ചെയ്യുന്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദേഹം പറഞ്ഞു.
അധോലോക ശക്തികൾ സിനിമാലോകത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ നേരിടും: മുഖ്യമന്ത്രി
01:29 AM Feb 25, 2017 | Deepika.com