നെടുമ്പാശേരി: വിദേശത്തുനിന്നു കൊണ്ടുവന്ന 41,25,135 രൂപ വിലവരുന്ന 1386 ഗ്രാം സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 068-നമ്പർ ഫ്ളൈറ്റിൽ വന്ന മലപ്പുറം അരീക്കോട് സ്വദേശി ഷമീൽ (31) ആണ് സ്വർണം കൊണ്ടുവന്നത്. ഷമീലിനെയും സ്വർണം വാങ്ങിക്കൊണ്ടുപോകാൻ വിമാനത്താവളത്തിൽ കാത്തുനിന്ന കൊടുവള്ളി സ്വദേശികളായ നസീർ (29), വാജി (30) എന്നിവരെയും അറസ്റ്റ് ചെയ്തു.
ഇ ആകൃതിയിലുള്ള പെട്ടിയിൽ വെള്ളിനിറത്തിലുള്ള ദ്രാവകത്തിൽ മുക്കിക്കൊണ്ടുവന്ന 46 കഷണം സ്വർണമാണു പിടിച്ചത്. ഇവ ആംപ്ലിഫയറിന്റെ അകത്ത് പ്രത്യേകം കവറിനുള്ളിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നിയപ്പോൾ ആംപ്ലിഫയർ തുറന്നുനോക്കുകയായിരുന്നു. സ്വർണം കണ്ടുകെട്ടി. മൂന്നു പ്രതികളെയും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ബിജു തോമസ്, അസിസ്റ്റന്റ് കമ്മീഷണർ ടി.എം. മുഹമ്മദ് ഫയസ്, സൂപ്രണ്ടുമാരായ കെ.പി. അജിത്കുമാർ, സിനോയ് കെ. മാത്യു, സാജു മാത്യു, ജോസഫ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്.
കൊച്ചിയിൽ 41 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
01:20 AM Feb 25, 2017 | Deepika.com