കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബിന്റെ 2016ലെ രാജീവൻ കാവുന്പായി സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ശനിയാഴ്ച കണ്ണൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ സമ്മാനിക്കും. ദേശാഭിമാനി സബ് എഡിറ്ററായിരുന്ന രാജീവൻ കാവുന്പായിയുടെ സ്മരണയ്ക്ക് ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും കണ്ണൂർ പ്രസ്ക്ലബും ചേർന്ന് ഏർപ്പെടുത്തിയതാണു പുരസ്കാരം.
ദീപികയിൽ പ്രസിദ്ധീകരിച്ച പാലിയേറ്റീവ് സേവനത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന അവർ കാത്തിരിക്കുന്നു കൈത്താങ്ങിനായി’ എന്ന വാർത്താ പരന്പരയാണ് അവാർഡിന് അർഹമായത്. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, ദേശാഭിമാനി റിട്ട. സീനിയർ ന്യൂസ് എഡിറ്റർ കെ.വി. കുഞ്ഞിരാമൻ, പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എ. ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. റെജി ജോസഫിനു ലഭിക്കുന്ന 74-ാമതു മാധ്യമ പുരസ്കാരമാണിത്.
റെജി ജോസഫിന് രാജീവൻ കാവുന്പായി മാധ്യമ അവാർഡ്
02:33 AM Feb 23, 2017 | Deepika.com