പാലാ: പുതിയ വാടകനിയമത്തിൽ വാടകക്കാരന് അനുകൂലമായ ഭേദഗതി വരുത്താനുള്ള വ്യാപാരികളുടെ നീക്കത്തിന് ഗവണ്മെന്റ് കൂട്ടുനിൽക്കുകയാണെന്നും ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ.
കെട്ടിട ഉടമകളെയും വ്യാപാരി അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടുത്തി അനേകവട്ടം ചർച്ച നടത്തിയ ശേഷമാണു സർക്കാർ പുതിയ ബിൽ കൊണ്ടുവന്നത്. വിവിധ വകുപ്പുകൾ അംഗീകരിച്ച ശേഷമാണ് 294 നന്പരായി ബിൽ നിയമസഭയിൽ എത്തിയത്. ഈ ബിൽ പാസാക്കുന്നതിനു പകരം വ്യാപാരികളുടെ സമ്മർദത്തിനു വഴങ്ങി വീണ്ടും ഭേദഗതി വരുത്താനുള്ള ചർച്ചകൾക്കായി മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്തെങ്കിലും ഭേദഗതിയുടെ പേരിൽ ഇനിയും നിയമപരിഷ്കരണം മാറ്റിവയ്ക്കരുതെന്നു ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ മോഡേണ്‍ റെന്റ് കണ്ട്രോൾ ആക്ട് പ്രകാരം വാടകനിയമം പരിഷ്കരിക്കാത്ത ഏക സംസ്ഥാനമാണു കേരളമെന്നും പുതിയ വാടക നിയമം വാടകക്കാരന് അനുകൂലമാക്കാൻ നടത്തുന്ന നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടോമി ഈപ്പൻ, ജനറൽ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി വി.എ. സെയ്ദ് മുഹമ്മദ് എന്നിവർ പറഞ്ഞു.
വാടക നിയമഭേദഗതിക്കെതിരേ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
02:36 AM Feb 21, 2017 | Deepika.com