തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ലയണ്‍സ് ക്ലബ് പ്രവർത്തനത്തിൽ ഉൾപ്പെടുത്തണമെന്നു ഗവർണർ ജസ്റ്റീസ് പി.സദാശിവം. ലയണ്‍സ് ക്ലബ് ഇന്റർ നാഷണൽ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലയണ്‍സ് ക്ലബ് പ്രവർത്തകർ പരിസ്ഥിതി ബോധവത്കരണ പരിപാടികളിലും മാലിന്യ നിർമാർജന പദ്ധതികളിലും പങ്കാളികളാകണം. ചടങ്ങുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉപേക്ഷിച്ചു സ്റ്റീൽ കപ്പ് ഉപയോഗിക്കണം. വീടുകളിലെ ബയോ മെഡിക്കൽ മാലിന്യങ്ങളായ ഉപയോഗിച്ച സിറിഞ്ച്, ബാൻഡേജ് തുടങ്ങിയവ സംസ്കരിക്കുന്നതിനു പ്രാധാന്യം നൽകണം. ഇതിനായി ബോധവത്കരണം നൽകണം. രക്തദാനം പ്രധാന്യമേറിയ വിഷയമായതിനാൽ അവയ്ക്കു പ്രാധാന്യം നൽകണം.
26ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ആർസിസിയിൽ കുട്ടികളുടെ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കു സ്വന്തം പോക്കറ്റിൽനിന്ന് അരലക്ഷം രൂപവീതം കൈമാറുമെന്നും ഗവർണർ പറഞ്ഞു.ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയവയ്ക്കായി ചെലവാക്കുന്നതിനു പകരം കാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവാക്കണമെന്നും ഗവർണർ ആഹ്വാനംചെയ്തു.
അലക്സ് കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ആർ.മുകുന്ദൻ, റിയാസ് അഹമ്മദ്, ജോണ്‍.ജി. കോട്ടറ, കെ. സുരേഷ് വി.ജി. സുരേഷ്കുമാർ, ഡോ. എ.ജി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 50 വർഷം പൂർത്തിയാക്കിയവരെയും വിവിധ പ്രോജക്ടുകൾക്കു നേതൃത്വം നൽകുന്നവരെയും ചടങ്ങിൽ ഗവർണർ ആദരിച്ചു.
20 തയ്യൽ മെഷീൻ നൽകുന്നതിന്റെയും 100 ഓട്ടോക്കാർക്കു സൗജന്യമായി ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതിന്റെയും ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
പരിസ്ഥിതിസംരക്ഷണം ലയണ്‍സ് ക്ലബ് പ്രവർത്തനത്തിൽ ഉൾപ്പെടുത്തണം: ഗവർണർ
01:03 AM Jan 22, 2017 | Deepika.com