തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ അടക്കമുള്ള എഴുത്തുകാരേയും സാംസ്കാരിക നായകരേയും അധിക്ഷേപിക്കുന്ന ബിജെപി നേതൃത്വത്തിന്റെ അസഹിഷ്ണുതയും സാംസ്കാരിക വിരുദ്ധതയും കേരളത്തിനാകെ അപമാനകരമാണെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇക്കൂട്ടരെ ഒറ്റപ്പെടുത്താൻ പ്രബുദ്ധരായ മലയാളികൾ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തുകൊണ്ടും ചലച്ചിത്ര കാവ്യങ്ങൾകൊണ്ടും മലയാളഭാഷയേയും സംസ്കാരത്തേയും സമ്പന്നമാക്കുകയും അതിനു രാജ്യാന്തര പ്രശസ്തി സമ്മാനിക്കുകയും ചെയ്തവരാണ് എം.ടിയും കമലുമൊക്കെ. അവർക്കെതിരെ അസഹിഷ്ണുതയുടെ വാളോങ്ങിയ സംഘപരിവാറിനെതിരെ കേരളത്തിന്റെ സാംസ്കാരിക മനസ് ഒന്നടങ്കം പ്രതികരിച്ചത് സ്വാഭാവികമാണ്. അതിന്റെ പേരിൽ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും സാംസ്കാരിക നായകരും ഉപഹാരങ്ങൾക്കു പുറകേ പോകുന്നവരാണെന്നു പറഞ്ഞ് അവരെ അധിക്ഷേപിക്കുന്നതു ബിജെപിയുടേയും സംഘപരിവാറിന്റെയും സാംസ്കാരിക വിരുദ്ധതയാണ് വെളിവാക്കുന്നതെന്നും വി.എസ് പറഞ്ഞു.
എഴുത്തുകാരെ അപമാനിക്കുന്നതു കേരളത്തിനാകെ അപമാനം: വി.എസ്
01:59 AM Jan 19, 2017 | Deepika.com