കോട്ടയം: പാവപ്പെട്ടവന്റെ പക്ഷം ചേരുന്നതു സഭകൾ സ്വഭാവമാക്കണമെന്നും മൂല്യച്യുതിയുള്ള ലോകത്തു മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ക്രൈസ്തവർ മുന്നോട്ടു വരണമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രൈസ്തവരുടെ മുഴുവൻ പ്രവർത്തികളിലും കാരുണ്യം പ്രതിഫലിക്കണം. പങ്കുവയ്ക്കലിന്റെ സംസ്കാരം ക്രൈസ്തവരിലുണ്ടാകണം സുവിശേഷ പ്രഘോഷണത്തിലും രാജ്യപുരോഗതിക്കും വേണ്ടി സിഎസ്ഐ സഭ ചെയ്യുന്ന സംഭാവനകൾ പ്രശംസനീയമാണെന്നും മാർ ആലഞ്ചേരിപറഞ്ഞു.
കോട്ടയം തിരുനക്കര മൈതാനത്ത് സിഎസ്ഐ ബിഷപ്പുമാർക്കും ഭാരവാഹികൾക്കും സിനഡ് പ്രതിനിധികൾക്കും കോട്ടയം പൗരാവലിയുടെയും മധ്യകേരള മഹായിടവകയുടെയും ആഭിമുഖ്യത്തിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ക്രിസ്തു വിഭാവനം ചെയ്ത സാർവലൗകിക മനുഷ്യക്കൂട്ടായ്മയാണു സഭയുടെ ലക്ഷ്യമിടുന്നത്.
സഭകളുടെ പ്രവർത്തനങ്ങളിലെ വൈവിധ്യം രാജ്യത്തിന്റെയോ സഭകളുടെയോ ഐക്യത്തെ ബാധിക്കരുത്. ക്രിസ്തു ഒരു വിഭാഗം ആളുകൾക്കുവേണ്ടി മാത്രമല്ല പ്രവർത്തിച്ചത്. മനുഷ്യവംശത്തിന്റെ മുഴുവൻ രക്ഷയും ഐക്യവും സമാധാ നവുമായിരുന്നു അവിടുത്തെ ലക്ഷ്യം. സഭകളുടെ വൈവിധ്യം ചരിത്രത്തിന്റെ ഭാഗമാണെന്നും ക്രിസ്തു ദർശനത്തിലൂന്നി വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ഒത്തു ചേർത്ത് മാനവമൈത്രി സംഘടിപ്പിക്കുന്നതോടൊപ്പം സഭകളുടെ എക്യുമിനിസം ഉണ്ടാകണമെന്നും കർദിനാൾ പറഞ്ഞു.
സിഎസ്ഐ സഭാ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. തോമസ് കെ. ഉമ്മന് കോട്ടയം പൗരാവലിയുടെയും സഭാ വിശ്വാസികളുടെയും നേ തൃത്വ ത്തിൽ ഉജ്വല വരവേൽപ് നൽകി. ഇന്നലെ വൈകുന്നേരം ചാലുകുന്ന് സിഎസ്ഐ റിട്രീറ്റ് സെന്ററിൽനിന്നും നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റവ.തോമസ് കെ. ഉമ്മനെ സമ്മേളന വേദിയായ നാഗമ്പടം മൈതാനത്തേക്ക് ആനയിച്ചു. തുടർന്നു നിയുക്ത സിഎസ്ഐ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മനും ബിഷപ്പുമാർക്കും ഭാരവാഹികൾക്കും സിനഡ് പ്രതിനിധികൾക്കും പൗരാവലിയുടെയും മധ്യകേരള മഹായിടവകയുടെയും ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു.
മാർത്തോമാ സഭാ മെത്രാപ്പോലീത്ത റവ.ഡോ. ജോസഫ് മാർത്തോമാ അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദീയൻ കതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മാത്യു ടി. തോമസ്, ക്നാനായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത തോമസ് മാർ തിമോത്തിയോസ്, ബിഷപ് ഡോ.സി.വി. മാത്യു, ബിഷപ് റവ.തോമസ് സാമുവൽ, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന, എൻ. ഹരി, സിഎസ്ഐ മധ്യ കേരള മഹായിടവക രൂപത ട്രഷറർ റവ.ഡോ. സാബു കെ. ചെറിയാൻ, ക്ലർജി സെക്രട്ടറി റവ.ഡോ. ഉമ്മൻ ജോർജ്, ജനറൽ കണ്വീനർ ജേക്കബ് ഫിലിപ്പ് മാങ്കുഴി എന്നിവർ പ്രസംഗിച്ചു. സിഎസ്ഐ മോഡറേറ്റർ റവ.ഡോ. ജി. ദൈവാശിർവാദം, നിയുക്ത മോഡറേറ്റർ ബിഷപ് റവ.തോമസ് കെ. ഉമ്മൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തിൽ സിഎസ്ഐ സിനഡ് ഹരിത അവാർഡുകൾ വിതരണംചെയ്തു.
സിഎസ്ഐ സഭാ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മനു കോട്ടയം പൗരാവലിയുടെ ആദരം
10:30 PM Jan 16, 2017 | Deepika.com