കൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ചേർന്ന സമ്മേളനത്തിൽ കുടുംബങ്ങളുടെ വീണ്ടെടുപ്പിനുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചു.
വിശ്വാസം, പ്രത്യാശ, സ്നേഹം, എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ കുടുംബജീവിതം നയിക്കുകയും അതുവഴി ലഭിക്കുന്ന ക്രിസ്തീയ സന്തോഷം സാധ്യമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കുടുംബങ്ങളിൽ സൃഷ്ടിക്കണം. ഇതു സാധ്യമാക്കുന്നതിന് അജപാലകർ കുടുംബശുശ്രൂഷ, ഇതരശുശ്രൂഷാ സംവിധാനങ്ങൾ, രൂപത വിവാഹക്കോടതി എന്നിവയെ ഏകോപിപ്പിച്ചുള്ള കർമപദ്ധതികൾ അനിവാര്യമാണെന്ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം പത്രസമ്മേളനത്തിൽ പറഞ്ഞു.
കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നതും ക്രിസ്തീയ ധാർമികയ്ക്കു നിരക്കാത്തതുമായ പ്രവണതകൾ വിലയിരുത്തുന്നതിനായി ഫാമിലി കമ്മീഷൻ ശ്രദ്ധ ചെലുത്തണം. കുടുംബ പ്രേഷിതത്വ ശുശ്രൂഷയിൽ ഇടവകയുടെയും അജപാലന ശൂശ്രൂഷാ സമിതികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്നുള്ള കുടുംബ പ്രാർഥനകൾ പ്രോത്സാഹിപ്പിക്കപ്പെടണം. മാതൃകാ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ അനുകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കണം. കുടുംബ പ്രേഷിതത്വത്തെക്കുറിച്ച് വൈദികർക്ക് സമയബന്ധിതമായി തുടർപരിശീലനം നൽകണം. ഇടവക വികാരിയും സേവനത്തിനു നിയുക്തരായ സന്യസ്തരും തുടർച്ചയായ ഭവനസന്ദർശനത്തിലൂടെ ഇടവകജനങ്ങളുമായുള്ള ബന്ധം ബലപ്പെടുത്തണം. ഇതര ക്രിസ്ത്യൻ വിഭാഗങ്ങളായിട്ടും മറ്റ് മത വിഭാഗങ്ങളുമായിട്ടും വിവാഹം കഴിച്ച ദന്പതികളെ കൂടുതൽ അനുകമ്പയോടെ സമീപിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
വിവാഹത്തിന് ഒരുക്കമായുള്ള കാലോചിതമായ പരിശീലനവും വിവാഹ കോടതികളിലെ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളും സ്വീകരിക്കണം. കുട്ടികൾക്കായുള്ള കമ്മീഷൻ കെആർഎൽസിസി തലത്തിലും രൂപതാ തലത്തിലും രൂപീകരിക്കണം. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആദരപൂർവം പരിഗണിക്കണം. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം പ്രാധാന്യത്തോടെ കാണണം. കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഉത്തരം കണ്ടെത്താനും സഹായിക്കുന്ന ഒരു ഓണ്‍ലൈൻ പോർട്ടൽ സംസ്ഥാന തലത്തിൽ രൂപീകരിക്കണം. സാമ്പത്തിക കാരണങ്ങളാൽ വിവാഹം നടത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തണം. വിവാഹങ്ങളുടെയും മറ്റ് ആഘോഷങ്ങളുടെയും പേരിലുള്ള ആർഭാടവും ധൂർത്തും ഒഴിവാക്കണം. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസീസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ റവ.ഡോ.പ്രസാദ് തെരുവത്ത്, ഷാജി ജോർജ്, കെആർഎൽസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ വേലിക്കകത്ത്, കെആർഎൽസിസി സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ, കെആർഎൽസിഎ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, സിഎസ്എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വർക്കേഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും പങ്കെടുത്തു.
കുടുംബങ്ങളുടെ വീണ്ടെടുപ്പിനുള്ള കർമപദ്ധതികളുമായി കെആർഎൽസിസി
10:23 PM Jan 15, 2017 | Deepika.com