മലിനീകരണം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ക്കു മാത്രം രജിസ്‌ട്രേഷന്‍

01:18 AM Jan 12, 2017 | Deepika.com
കൊച്ചി: സംസ്ഥാനത്തെ പുതിയ ഹെവി വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഭാരത് സ്‌റ്റേജ്‌നാല് നിലവാരമുള്ളവ മാത്രം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. എറണാകുളം നെടുന്പാശേരിയിലെ ഓട്ടോബെന്‍ ട്രക്കിംഗ് അധികൃതര്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ഹൈക്കോടതി വിധി.

രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 2010 ഏപ്രില്‍ മുതല്‍ ഭാരവാഹനങ്ങള്‍ക്കു ഭാരത് സ്‌റ്റേജ്4 നിലവാരം നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണു കേരളത്തില്‍ ഇതു നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയത്.

വാഹനങ്ങളില്‍നിന്നുള്ള പുക മാലിന്യതോത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡമാണു ഭാരത് സ്‌റ്റേജ്4 നിലവാരമെന്നു കോടതി ചൂണ്ടിക്കാട്ടി.

അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകള്‍ എന്നിവയുടെ അളവ് ഈ നിലവാരത്തിലുള്ള വാഹനങ്ങളില്‍ കുറവായിരിക്കും. നാലുചക്ര വാഹനങ്ങള്‍ക്കാണ് ആദ്യം ഇതു നടപ്പാക്കിയതെങ്കിലും പിന്നീട് നാലില്‍ കൂടുതല്‍ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്കും ഇതു നിര്‍ബന്ധമാക്കുകയായിരുന്നു. ഇതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ഇരുചക്ര വാഹനങ്ങള്‍ക്കുള്‍പ്പെടെ ഈ നിബന്ധന ബാധകമാക്കുന്ന സാഹചര്യത്തില്‍ ഹെവി വാഹനങ്ങളെ ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

മോട്ടോര്‍ വാഹന നിയമപ്രകാരം നാലു ചക്രം മുതല്‍ മേലോട്ടുള്ള യാത്രാ വാഹനങ്ങളെ എം എന്ന കാറ്റഗറിയിലും ചരക്കു വാഹനങ്ങളെ എന്‍ എന്ന കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു കാറ്റഗറികള്‍ക്കും ഭാരത് സ്‌റ്റേജ്4 നിലവാരം വേണമെന്നും ഉത്തരവില്‍ പറയുന്നു.