കോഴിക്കോട്: ഓസ്ട്രേലിയയിലെ മെൽബണിൽ കഴിഞ്ഞ ദിവസം പള്ളിയിൽ വംശീയാക്രമണത്തിനിരയായ വൈദികൻ ഫാ. ടോമി കളത്തൂരിന് മതിയായ സംരക്ഷണമൊരുക്കുവാൻ എംബസിയുമായ് ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഫാക്സ് സന്ദേശമയച്ചു.
അടിക്കടി വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർക്കുനേരെയുണ്ടാകുന്ന വംശീയാക്രമണങ്ങൾ തടയുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിനും, പുരോഹിതനെ പോലും ആക്രമിക്കുന്ന തുടർസംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം ശക്തമായ സമ്മർദം ചെലുത്തണമെന്നും എംപി കത്തിൽ സൂചിപ്പിച്ചു. ഇന്ത്യക്ക് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഭയരഹിതമായി ജീവിക്കാൻ സംരക്ഷണമൊരുക്കുന്നതിനായി ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എംപി കൂട്ടിച്ചേർത്തു.
ഫാ. ടോമി കളത്തൂരിന് സംരക്ഷണം നൽകണമെന്ന് എം.കെ.രാഘവൻ എംപി
12:36 AM Mar 21, 2017 | Deepika.com