പ്രാണവായു ഇനി നാല് മണിക്കൂർ..! ടൈറ്റൻ കാണാമറയത്ത് തന്നെ, രക്ഷാദൗത്യം ദുഷ്കരം

06:00 PM Jun 22, 2023 | Deepika.com
വാഷിംഗ്ടൺ ഡിസി: അറ്റ്ലാന്‍റിക്കിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തെ തിരയുന്നതിനായി അസാധാരണ രക്ഷാദൗത്യം തുടരുന്നു. നാല് ദിവസത്തോളമായിട്ടും ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുകയാണ്.

ഇനി ടൈറ്റൻ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്തർവാഹിനിക്കുള്ളിലെ ഓക്സിജന്‍റെ അളവ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത നാല് മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് പേടകത്തിലുള്ളത്.

പേടകം കാണാതായ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം ചില ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിരുന്നു. തിരച്ചിലിന് വേണ്ടി ഉപയോഗിക്കുന്ന സോനര്‍ ഉപകരണങ്ങളില്‍ പതിഞ്ഞ ഈ ശബ്ദതരംഗങ്ങളുടെ ഉറവിടം ഇനിയും തിരിച്ചറിയാനായിട്ടില്ല.

അമേരിക്കയിലെ ഓഷൻ എക്സ്പഡിഷൻ എന്ന കന്പനിയാണ് ടൈറ്റാനിക് കാണാൻ യാത്ര സംഘടിപ്പിച്ചത്. കന്പനിയുടെ സ്ഥാപകൻ സ്റ്റോക്റ്റൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, പാക് വംശജനായ ബ്രിട്ടീഷ് ബിസിനസുകാരൻ ഷെഹ്സാദാ ദാവൂദ്, അദ്ദേഹത്തിന്‍റെ മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഒൻറി നാഷലെറ്റ് എന്നിവരാണു സംഘത്തിലുള്ളത്.

യാത്ര പുറപ്പെട്ട് ഒന്നേമുക്കാൽ മണിക്കൂറിനകം അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സമയം അമൂല്യമായതിനാൽ യുഎസ്, കനേഡിയൻ രക്ഷാസംഘങ്ങൾ ശബ്ദം കേട്ട ഭാഗത്തു തെരച്ചിൽ കേന്ദ്രീകരിച്ചു.

കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 644 കിലോമീറ്റർ അകലെ തെക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിൽ 3800 മീറ്റർ ആഴത്തിലാണു ടൈറ്റാനിക് കപ്പൽ മുങ്ങിക്കിടക്കുന്നത്.