"വേ​ട്ട​യാ​ടി​യി​ട്ടും ആ ​കു​ട്ടി പി​ടി​ച്ചു​നി​ന്നി​ല്ലേ...': ആ​ർ​ഷോ​യോ​ട് മാ​ധ്യ​മ​ങ്ങ​ൾ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബാ​ല​ൻ

12:37 PM Jun 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ മാധ്യമങ്ങൾ വേട്ടയാടിയെന്ന വിമർശനവുമായി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ. ആർഷോയെ മാധ്യമങ്ങൾ നിരന്തരം വേട്ടയാടി. എന്നിട്ടും ആ കുട്ടി പിടിച്ചുനിന്നു. ഒരു ക്ഷമാപണമെങ്കിലും മാധ്യമങ്ങൾ നടത്തിയോയെന്നും ബാലൻ ചോദിച്ചു.

എ​സ്എ​ഫ്ഐ എന്നാൽ ഒ​രു വി​കാ​ര​മാ​ണ്. കെഎസ്‌യുവിനെ മൂലക്കിരുത്തി ഈ സ്ഥിതിയിലേക്കെത്തിക്കാന്‍ എസ്എഫ്‌ഐ വലിയ ത്യാഗം നടത്തി. പ്രസ്ഥാനത്തിനുള്ളില്‍ ആര് തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുന്ന നിലപാടാണ് എസ്എഫ്‌ഐ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്.

സിപിഎമ്മിന്‍റെ ജനകീയ അടിത്തറ നിലനിർത്തുന്ന സംഘടനയെ ഇല്ലാതാക്കുക എന്നതാണ് ഇപ്പോൾ കോൺഗ്രസിന്‍റെ അജണ്ട. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പം എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

1970ൽ എസ്എഫ്ഐ രൂപീകൃതമായതിന് ശേഷം അതിലെ ഒരു നേതാക്കളെ പറ്റിയും ഇതുവരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടില്ല. നി​ഖി​ൽ തോ​മ​സി​ന്‍റെ അഡ്മിഷനുവേ​ണ്ടി സിപിഎം നേതാവ് ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ൽ തെ​റ്റി​ല്ല. മാ​നേ​ജ്മെ​ന്‍റ് സീ​റ്റി​ൽ യുഡിഎഫ്, എൽഡിഎഫ് നേതാക്കളും പ്ര​വേ​ശ​ന​ത്തി​ന് ശി​പാ​ർ​ശ ചെ​യ്യാറുണ്ട്. അവരാരും സർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടല്ലോ ശിപാർശ ചെയ്യുന്നത്.

എസ്എഫ്ഐയിൽ അ​ന്യ​വ​ർ​ഗ ചി​ന്താ​ഗ​തി​യു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന കു​ട്ടി​ക​ളുമുണ്ട്. ആ ​കു​ട്ടി​ക​ളി​ൽ അ​വ​രു​ടെ കൂ​ട​പ്പി​റ​പ്പാ​യ ചി​ല തെ​റ്റു​ക​ൾ ഉ​ണ്ടാ​കും. ആ ​തെ​റ്റു​ക​ൾ ക​ണ്ട​റി​ഞ്ഞു തി​രു​ത്തു​ന്ന പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐയെന്നും ബാലൻ പറഞ്ഞു.