ഇസ്താംബുൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോരുന്പോൾ സ്റ്റാർ സ്ട്രൈക്കർ ജൂലിയൻ അൽവാരസിന് ഇത് ചരിത്രം നേട്ടം. ചാന്പ്യൻസ് ലീഗ് കിരീടത്തോടെ ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അർജന്റീന താരം സ്വന്തമാക്കിയത്.
23-കാരനായ അർജന്റീന താരത്തിന് മുമ്പ് ഒമ്പത് കളിക്കാർ യൂറോപ്യൻ കപ്പ് അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് എന്നിവ ഒരേ സീസണിൽ നേടിയിട്ടുണ്ട്. എന്നാൽ ആരും തന്നെ മൂന്ന് കിരീടങ്ങൾ ഒറ്റ സീസണിൽ നേടിയിട്ടില്ല. ഇവരിൽ പലർക്കും ആഭ്യന്തര ലീഗ് കിരീടമാണ് അക്കൊല്ലങ്ങളിൽ നഷ്ടമായത്.
ഈ സീസണിൽ സിറ്റിയുടെ രണ്ടാമത്തെ ടോപ് സ്കോറർ ആണ് അൽവാരസ്. സീസണിൽ പകുതി മത്സരങ്ങളിൽ മാത്രമാണ് അൽവാരസ് കളത്തിലിറങ്ങിയതെന്നതും ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ലോകകപ്പിൽ ടോപ് സ്കോറർമാരിൽ മൂന്നാമതായിരുന്നു അർജന്റീന യുവതാരം.
ഇസ്താംബുളിൽ സിറ്റിയുടെ കിരീടപ്പോരാട്ടം അൽവാരസ് സൈഡ് ബെഞ്ചിലിരുന്നാണ് കണ്ടത്. പെപ് അദ്ദേഹത്തെ മൈതാനത്ത് ഇറക്കിയില്ല.
രാജ്യത്തിനായി ലോകകപ്പ് നേടിയ ശേഷം തന്റെ ക്ലബ്ബിനൊപ്പം യൂറോപ്യൻ ചാമ്പ്യൻ ആകുന്ന പത്താമത്തെ കളിക്കാരനാണ് അൽവാരസ്. ഇന്റർ ജയിച്ചിരുന്നെങ്കിൽ, അവരുടെ അർജന്റീനിയൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിനെ തേടി ഈ റിക്കാർഡ് എത്തുമായിരുന്നു.
ഖത്തറിലെ ചൂട് കാരണം ക്ലബ് സീസണിനിടെ ലോകകപ്പ് എത്തിയതാണ് അൽവാരസിന് ട്രിപ്പിൾ തികയ്ക്കാൻ അവസരം ഒരുക്കിയത്.
സിറ്റിയുടെ സ്വീറ്റ്..! അൽവാരസിന് അപൂർവ ട്രിപ്പിൾ
04:11 PM Jun 11, 2023 | Deepika.com