യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക

03:04 PM Jun 06, 2023 | Deepika.com
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു.

ഡാം തകരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്.

ഡാം തകർന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളിൽ ജനവാസമേഖലകൾ മുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽനിന്ന് പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.