മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ബിന്ദു

04:56 PM Jun 06, 2023 | Deepika.com
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. വിവാദത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കും. കോളജിന്‍റെ സീലാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രമായിരിക്കുമെന്നും അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്സ് ബിരുദം നൽകും. ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.