ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ ജാമ്യഹർജി തള്ളി

04:03 PM Jun 02, 2023 | Deepika.com
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തള്ളി. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറിന്‍റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും അത്തരം നീക്കം വിചാരണയെ ബാധിക്കുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയും ചെയ്തു.

42 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.