ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ സമരം കടുപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
ഇന്ന് വൈകിട്ട് ആറിന് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കും. ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണെന്ന് സാക്ഷി മാലിക് പറഞ്ഞു.
മെഡലുകൾ ഗംഗയിൽ ഒഴുക്കിയശേഷം ഇന്ത്യാഗേറ്റിൽ സമരമിരിക്കാനാണ് തീരുമാനം. വനിതയായ പ്രസിഡന്റ്, സമരം ചെയ്യുന്ന ഞങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറം ഇരുന്ന് ഇതെല്ലാം കാണുന്നുണ്ട്. പക്ഷേ, ഒന്നും മിണ്ടുന്നില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.
"മെഡലുകൾ ഗംഗയിൽ ഒഴുക്കും'; കടുത്ത നിലപാടുമായി ഗുസ്തി താരങ്ങൾ
06:01 PM May 30, 2023 | Deepika.com