തിരുവനന്തപുരം: കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ച എഐ കാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമർശിച്ച സിപിഎം, മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്ന്നെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എഐ കാമറ പദ്ധതി നടപ്പാക്കുന്നതിനു മുൻപു തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നെന്നും സുധാകരൻ പറഞ്ഞു.
വ്യക്തമായ ബോധവത്കരണം നടത്താതെയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച് പിഴയടപ്പിക്കാൻ തിടുക്കത്തിൽ സ്ഥാപിച്ച 726 എഐ കാമറകളുടെ കുരുക്കിൽ കോണ്‍ഗ്രസുകാർ മാത്രമല്ല വീഴാൻ പോകുന്നത്. അതിൽ സിപിഎമ്മുകാരും ബിജെപിക്കാരും ഉൾപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്.
അന്യായമായി പിരിച്ചെടുക്കുന്ന കോടികൾ അഞ്ചു വർഷം മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ കന്പനികളിലേക്കാണ് പോകുന്നത്. ഇത് അഴിമതിയിൽ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂർവം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോണ്‍ഗ്രസ് എതിർക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
കാമറ: മുഖ്യമന്ത്രിയുടെ അഴിമതിക്ക് സിപിഎം കുടപിടിക്കുന്നെന്നു സുധാകരൻ
10:20 PM May 27, 2023 | Deepika.com