പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഇടുക്കി മ്ലാമല സ്വദേശി സൂരജിനെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
പൂജയ്ക്കായി നാരായണസ്വാമിയെ എത്തിച്ച വാഹനമോടിച്ചത് സൂരജാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
പ്രധാന പ്രതികള്‍ക്ക് പൊന്നമ്പലമേട്ടിലേക്ക് എത്താന്‍ വഴികാട്ടികളായിരുന്ന വനം വകുപ്പ് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരും ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണനും കെഎഫ്ഡിസി കോളനിയില്‍ താമസിക്കുന്ന ഈശ്വരനുമാണ് സംഭവത്തില്‍ നേരത്തെ പിടിയിലായത്.
ഈശ്വരന്റെ അറസ്റ്റ് കഴിഞ്ഞദിവസം മൂഴിയാര്‍ പോലീസാണ് രേഖപ്പെടുത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണസ്വാമിയുടെ നേതൃത്വത്തില്‍ പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. നാരായണ സ്വാമി അടക്കം ആറു പേരെക്കൂടി കേസില്‍ ഇനി പിടികൂടാനുണ്ട്.
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഒരാള്‍ കൂടി കസ്റ്റഡിയില്‍
11:04 AM May 26, 2023 | Deepika.com