എൻഐഎ ഭീഷണിപ്പെടുത്തുന്നു; ആരോപണവുമായി ഷാരൂഖ് സെയ്ഫി

01:34 PM May 24, 2023 | Deepika.com
കൊച്ചി: ദേശീയ അന്വേഷണ ഏജൻസിക്കെതിരേ (എൻഐഎ) പരാതിയുമായി എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി. കേസുമായി ബന്ധപ്പെട്ട് എൻഐഎ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അഭിഭാഷകനോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പ്രതി ആരോപിച്ചു.

അതേസമയം, ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു ഷാരൂഖിന്‍റെ ആവശ്യം.

എന്നാൽ ഇത് തള്ളിയ കോടതി, അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്ന് വ്യക്തമാക്കി. ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതിയിൽ എൻഐഎ ശക്തമായി എതിർത്തിരുന്നു.

ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിതുറന്നത്.