ഹനീഷ് സര്‍ക്കാരിന് വഴങ്ങി റിപ്പോര്‍ട്ട് നല്‍കി, അതുകൊണ്ട് വ്യവസായ വകുപ്പില്‍ തിരിച്ചെത്തി: ചെന്നിത്തല

04:12 PM May 20, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറാ ഇടപാടില്‍ സര്‍ക്കാരിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്‍റെ ചുമതല നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വ്യവസായ വകുപ്പ് സെക്രട്ടറിയെ ഒപ്പം നിര്‍ത്തി കെല്‍ട്രോണിനെ വെളളപൂശാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് എഴുതാന്‍ ആദ്യം ഹനീഫ് തയാറായില്ല. ഇതുകൊണ്ടാണ് ചുമതലയില്‍നിന്ന് മാറ്റിയത്.

സര്‍ക്കാര്‍ ആഗ്രഹിച്ചതുപൊലെ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വ്യവസായ വകുപ്പില്‍ പുനര്‍നിയമനം നല്‍കി. അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ ഈ രീതിയില്‍ സ്ഥാനമാറ്റം നടത്തിയത് നാണംകെട്ട രീതിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഹനീഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ തന്നെ അഴിമതി വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. സാങ്കേതികമായ വൈദഗ്ധ്യം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാത്ത അക്ഷര എന്‍റര്‍പ്രൈസസിനെ എങ്ങനെ ടെന്‍ഡര്‍ നടപടികളില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണ വ്യവസ്ഥ പാലിച്ചിട്ടില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനുശേഷമാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിക്ക് വെള്ളപൂശിക്കൊണ്ടാണ് ഹനീഷ് റിപ്പോര്‍ട്ട് നല്‍കിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം ഇതിന് കൂട്ട് നില്‍ക്കാന്‍ പാടില്ലായിരുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഇത്തരം കള്ള റിപ്പോര്‍ട്ടുകള്‍കൊണ്ട് സര്‍ക്കാരിന്‍റെ തീവെട്ടിക്കൊള്ളി മറച്ചുവയ്ക്കാനില്ല. തട്ടിക്കൂട്ട് കമ്പനികളെ ഉള്‍പ്പെടുത്തി ബോധപൂര്‍വം മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ കൈകളില്‍ പദ്ധതി എത്തിക്കുകയായിരുന്നു.

പ്രസാഡിയോ കമ്പനിയുടെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. അതുകൊണ്ടാണ് ആ കമ്പനിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.