ന്യൂഡല്‍ഹി: അഞ്ചുദിവസമായിത്തുടര്ന്ന കര്‍ണാടക മുഖ്യമന്ത്രിക്കസേര വടംവലിയില്‍ തീരുമാനമുണ്ടായത് സോണിയ ഗാന്ധിയുടെ ഇടപെടലോടെയെന്ന് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ 135 സീറ്റോടെ കോണ്‍ഗ്രസ് ഉജ്വല വിജയം നേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദത്തിന് സിദ്ധരാമയ്യയ്ക്കൊപ്പം ഡി.കെ. ശിവകുമാറും അവകാശമുന്നയിച്ചതോടെ പാര്‍ട്ടി പ്രതിസന്ധിയിലാവുകയായിരുന്നു.
കര്‍ണാടകയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ മുന്‍പന്തിയിലാണ് സിദ്ധരാമയ്യ. എന്‍ഡിടിവി അടക്കം പല മാധ്യമങ്ങളും നടത്തിയ സര്‍വേകളില്‍ ഏറ്റവും കൂടുതൽ ആളുകള്‍ ആഗ്രഹിച്ച മുഖ്യമന്ത്രി അദ്ദേഹമായിരുന്നു. മാത്രമല്ല നിലവിലെ എംഎല്‍എമാരില്‍ കൂടുതല്‍പേര്‍ പിന്തുണയ്ക്കുന്നതും ഈ മുന്‍ മുഖ്യമന്ത്രിയെ ആണ്.
ശക്തമായ സംഘടനാ പ്രവര്‍ത്തനം നിമിത്തം പേരെടുത്ത നേതാവാണ് ഡി.കെ. ശിവകുമാര്‍. പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ചതും ഈ പിസിസി അധ്യക്ഷനാണ്. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയി അറിയപ്പെടുന്ന നേതാവാണദ്ദേഹം.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരുമായി കോണ്‍ഗ്രസിന്റെ പല കേന്ദ്ര നേതാക്കളും സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരൊക്കെ ഇരുവരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ രണ്ടുപേരും ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രിയില്‍ തീരുമാനം നീണ്ടു.
ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്ന ശിവകുമാറുമായി സോണിയ ഗാന്ധി ബുധനാഴ്ച വൈകുന്നേരം സംസാരിച്ചു. അതിനെത്തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുകയായിരുന്നു. സോണിയയുടെ ഇടപെടലിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ശിവകുമാര്‍ മനസില്ലാമനസോടെ സമ്മതിക്കുകയായിരുന്നെന്നാണ് വിവരം.
പിന്നാലെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
എന്നാൽ വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ എന്തു സംഭവിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. രാജസ്ഥാന് ഒരുദാഹരണമായി മുന്നിലുണ്ടല്ലൊ. തന്റെ സഹോദരന് മുഖ്യമന്ത്രിയാകാനാണ് ആഗ്രഹിച്ചതെന്നും പാര്‍ട്ടിയുടെ താല്പര്യം മുന്‍ നിർത്തിയാണ് ഈ തീരുമാനമെടുത്തതെന്നും അത്ര സന്തോഷമില്ലെന്നും ഡി.കെ. സുരേഷ് പറഞ്ഞുകഴിഞ്ഞു.
എന്നിരുന്നാലും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നയിച്ച ശിവകുമാര്‍ കോണ്‍ഗ്രസിനൊപ്പം എന്നും നില്‍ക്കുമെന്നും പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു.
കര്‍ണാടക മുഖ്യമന്ത്രി: നിര്‍ണായകമായത് സോണിയ ഗാന്ധിയുടെ ഇടപെടല്‍?
12:56 PM May 18, 2023 | Deepika.com