"നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ല': എഐ കാമറയിൽ മറുപടിയുമായി സിപിഎം

08:34 PM May 07, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിയിൽ നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ല. പ്രതിപക്ഷ രേഖകൾ തെറ്റാണ്. വിവാദം ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നീക്കമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. 132 കോടിയുടെ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവും ആരോപിക്കുന്നു. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസുകാർക്ക് യോജിപ്പുണ്ടാകട്ടെ.

കരാറിന്‍റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്‍റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവം ശ്രമം നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.