കാസര്‍ഗോഡ്: എഐ കാമറ പദ്ധതിതന്നെ അഴിമതിക്കുവേണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 132 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍നിന്ന് തന്നെ ക്രമക്കേടും അഴിമതിയും വ്യക്തമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇഷ്ടമുള്ള കമ്പനിക്ക് കരാര്‍ നല്‍കാനായി ടെക്നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ളവ കെല്‍ട്രോണ്‍ തട്ടിപ്പ് രേഖകളാക്കി മാറ്റി. നൂറു കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കാമായിരുന്ന പദ്ധതിക്കുവേണ്ടി 232 കോടി ചെലവിട്ടു. 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ടെന്‍ഡറില്‍ ഒത്തുകളി നടന്നെന്നും ചെന്നിത്തല ആരോപിച്ചു. ടെന്‍ഡറിന്റെ ആദ്യഘട്ടം മുതല്‍ ക്രമക്കേട് നടന്നു. കാമറ സ്ഥാപിച്ച് മുന്‍പരിചയം ഇല്ലാത്ത എസ്ആര്‍ഐടിക്ക് എങ്ങനെ ടെക്നിക്കല്‍ ഇവാലുവേഷന്‍ അംഗീകാരം നല്കി, പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്ത അക്ഷര എന്റര്‍പ്രൈസസിനെ ടെന്‍ഡര്‍ നടപടികളില്‍ എങ്ങനെ ഉള്‍പ്പെടുത്തി? തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു.
രണ്ട് പ്രധാനപ്പെട്ട രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവച്ചെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഒളിച്ചുവച്ച രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു
ടെക്നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാലുവേഷന്‍ സമ്മറി എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ചെന്നിത്തല പുറത്തുവിട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഒളിച്ചുകളി തുടരുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എഐ കാമറ പദ്ധതിയില്‍ 132 കോടിയുടെ അഴിമതി, മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: ചെന്നിത്തല
02:45 PM May 02, 2023 | Deepika.com