ദുബായ്: ഏഷ്യൻ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ചരിത്രം കുറിച്ച് സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമായി സാത്വിക്സായ്രാജും ചിരാഗ് ഷെട്ടിയും.
മൂന്നു ഗെയിമുകളുടെ തീപാറുന്ന പോരാട്ടത്തിനൊടുവിൽ മലേഷ്യയുടെ വൺ യൂ സിൻ-തിയോ ഈ യി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ഇന്ത്യൻ സഖ്യം അടുത്ത രണ്ട് ഗെയിമുകളിലും ശക്തമായി തിരിച്ചടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന ഗെയിമുകൾ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം ചരിത്രം കുറിച്ചു. സ്കോർ: 16-21, 21-17, 21-19. ഒരു മണിക്കൂറും ഏഴുമിനിറ്റുമാണ് പോരാട്ടം നീണ്ടത്.
ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണ് സാത്വിക്കും ചിരാഗും സ്വന്തമാക്കിയത്. 1965-ൽ ദിനേശ് ഖന്നയാണ് ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം നേടിത്തന്നത്. പുരുഷ സിംഗിൾസിൽ ദിനേശ് ഖന്ന സുവർണ നേട്ടം കരസ്ഥമാക്കിയ ശേഷം 1971ൽ ദീപു ഘോഷ് - രാമൻ ഘോഷ് സഖ്യം ഏഷ്യൻ പുരുഷ ഡബിൾസിൽ ഇന്ത്യക്കു മെഡൽ നൽകി.
ഏഷ്യൻ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് സ്വർണം: ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം
08:30 PM Apr 30, 2023 | Deepika.com