കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. സ്കോർ: കോൽക്കത്ത 179-7 (20), ഗുജറാത്ത് 180-3 (17.5).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്തയ്ക്കായി ഓപ്പണർ റഹ്മനുള്ള ഗുർബാസ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 39 പന്തിൽനിന്നും ഏഴ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 81 റണ്‍സാണ് ഗുർബാസിന്റെ ബാറ്റിൽനിന്നും പിറന്നത്. ആന്ദ്രെ റസൽ 19 പന്തിൽ 34 റണ്‍സും നേടി. എൻ. ജഗദീശൻ (19), വെങ്കടേഷ് അയ്യർ (11), റിങ്കു സിംഗ് (19) എന്നിവരുടെയും പ്രകടനത്തിലൂടെയാണ് കോൽക്കത്ത 179ൽ എത്തിയത്.
ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ്വാ ലിറ്റിലും നൂർ അഹമ്മദും രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർ ശുഭ്മാൻ ഗിൽ തകർപ്പൻ തുടക്കമാണ് ഒരുക്കിയത്. 35 പന്തിൽ 49 റണ്‍സാണ് ഗില്ലിന്റെ സന്പാദ്യം. നായകൻ ഹാർദിക് പാണ്ഡ്യ 26 റണ്‍സും വൃദ്ധിമാൻ സാഹ പത്ത് റണ്‍സുമെടുത്ത് പുറത്തായി.
പുറത്താകാതെ വിജയ് ശങ്കറും ഡേവിഡ് മില്ലറും ചേർന്ന് ഗുജറാത്തിന് ജയമൊരുക്കുകയായിരുന്നു. 24 പന്തിൽ 51 റണ്‍സുമായി വിജയ് ശങ്കർ തിളങ്ങിയപ്പോൾ 18 പന്തിൽ 32 റണ്‍സായിരുന്നു മില്ലറുടെ സന്പാദ്യം.
ഗുജറാത്ത് ഒന്നാമത്
08:21 PM Apr 29, 2023 | Deepika.com