അ​മി​ത് ഷാ​യെ വി​മ​ർ​ശി​ച്ചു; ജോ​ൺ ബ്രി​ട്ടാ​സി​ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ നോ​ട്ടീ​സ്

06:40 PM Apr 29, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ വി​മ​ര്‍​ശി​ച്ച് ലേ​ഖ​നം എ​ഴു​തി​യ​തി​നു രാ​ജ്യ​സ​ഭാ അം​ഗം ജോ​ണ്‍ ബ്രി​ട്ടാ​സി​ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ക​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ര്‍​ശം രാ​ജ്യ​ദ്രോ​ഹ​പ​രം ആ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് നോ​ട്ടീ​സ്.

ലേ​ഖ​ന​ത്തെ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം രേ​ഖാ​മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്‌ സൂ​ച​ന. വി​ളി​ച്ച് വ​രു​ത്തി​യാ​ണ് രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജോ​ണ്‍ ബ്രി​ട്ടാ​സി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് മു​മ്പ് ലേ​ഖ​ന​ത്തെ സം​ബ​ന്ധി​ച്ച് ബ്രി​ട്ടാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഉ​പ​രാ​ഷ്ട്ര​പ​തി കേ​ട്ടി​രു​ന്നു.

ഫെ​ബ്രു​വ​രി 20-ന് ​ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ് ദി​ന​പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​നാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ബി​ജെ​പി നേ​താ​വ് പി. ​സു​ധീ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ നോ​ട്ടീ​സ്.